International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Monday, May 28, 2018

വി.എം. മുഹമ്മദ് നിര്യാതനായി

പാവറട്ടി:പുതുമനശ്ശേരി പള്ളിക്കു സമീപം താമസിക്കുന്ന വി.എം മുഹമ്മദ് (തത്തോത് ) നിര്യാതനായി.വാര്‍‌ദ്ധക്യ സഹജമായ പ്രയാസങ്ങളാല്‍ ചികിത്സയിലായിരുന്നു.ഈയിടെ ആരോഗ്യ നില ഗുരുതരമാകുകയായിരുന്നു.മെയ്‌ 28 തിങ്കളാഴ്‌ച കാലത്ത്‌ അന്ത്യ ശ്വാസം വലിച്ചു. പുതുമനശ്ശേരി മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ മധ്യാഹ്നത്തിനു മുമ്പ്‌ ഖബറടക്കം നടക്കും. മക്കൾ അഷ്‌റഫ് എന്‍.പി. ബഷീർ എന്‍.പി,ശരീഫ് എന്‍.പി, സലാഹുദ്ധീൻ എന്‍.പി,റുഖിയ.

ഉദയം പഠനവേദിയും അനുബന്ധ സ്ഥാപനങ്ങളും അനുശോചനം രേഖപ്പെടുത്തി.
Share:

Friday, May 25, 2018

ഉദയം ഇഫ്‌ത്വാര്‍ സംഗമം

ദോഹ: ഉദയം പഠനവേദിയുടെ ഇഫ്‌ത്വാര്‍ സംഗമം മെയ്‌ 31 ന്‌ വ്യാഴാഴ്ച്ച വൈകീട്ട്‌ 5 ന്‌ അസീസിയയിലുള്ള ലോയ്‌ഡന്‍‌സ്‌ അക്കാഡമിയില്‍ വെച്ച് സംഘടിപ്പിക്കുന്നു.

ഉദയം പഠനവേദിയുടെ വാർഷിക കലണ്ടറിലെ ഏറെ പ്രാധാന്യമുള്ള ഈ സം‌ഗമത്തെ ഉദയം മേഖലയിലെ എല്ലാ കുടുംബാം‌ഗങ്ങളും തങ്ങളുടെ പങ്കാളിത്തം കൊണ്ട്‌ ധന്യമാക്കണെമെന്ന്‌ സെക്രട്ടറി നൗഷാദ്‌ പി.എ അറിയിച്ചു. 

Share:

Friday, May 18, 2018

അക്‌ബര്‍ സാഹിബിന്‌ യാത്രയയപ്പ്‌

ദോഹ:രണ്ടര പതിറ്റാണ്ട്‌ ചരിത്രമുള്ള ഉദയം പഠനവേദി; ഒരു പ്രദേശത്തിന്റെ തന്നെ വിളക്കും വെളിച്ചവുമാണ്‌.മുന്‍‌കാല സാരഥികള്‍ സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച്‌ ഉണര്‍‌ന്നെഴുന്നേറ്റതിന്റെ മാധുര്യമാണ്‌ ഇന്നു നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌.അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു.

ദീര്‍‌ഘകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേയ്‌ക്ക്‌ തിരിക്കുന്ന ഉദയം പഠനവേദിയുടെ ആദ്യ കാല പ്രവര്‍‌ത്തകരില്‍ ഒരാളായ എം.എ അക്‌ബര്‍ സാഹിബിനുള്ള യാത്രയയപ്പ്‌ യോഗത്തില്‍ സം‌സാരിക്കുകയായിരുന്നു ഉദയം പഠനവേദിയുടെ പ്രസിഡണ്ട്‌ .വൈസ്‌ പ്രസിഡണ്ട്‌ എം.എം അബ്‌ദുല്‍ ജലീല്‍,സീനിയര്‍ അം‌ഗങ്ങളായ എന്‍.പി അഷ്‌റഫ്,വി.പി ഷം‌സുദ്ധീന്‍,വി.വി അബ്‌ദുല്‍ ജലീല്‍,വി.എം റഫീഖ്‌,എം.എം മുക്താര്‍,എം.എം ഷാജുദ്ധീന്‍,ഷമീര്‍ ഇബ്രാഹീം,അബ്‌ദുല്‍ഖാദര്‍ പുതിയവീട്ടില്‍ തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു.

എം.എ അക്‌ബര്‍ സാഹിബിനോടുള്ള ആദര സൂചകമായി ഉപഹാരം നല്‍‌കി.  ജനറല്‍ സെക്രട്ടറി പി.എ നൗഷാദ്‌ നന്ദി പ്രകാശിപ്പിച്ചു. 


Share:

Tuesday, May 8, 2018

റിഷാല്‍ റഷീദ്‌ മരണപെട്ടു

പുവ്വത്തൂര്‍:അമ്പലത്ത് വീട്ടില്‍ റിഷാല്‍ റഷീദ്‌ അപകടത്തില്‍ പെട്ട്‌ മരണപെട്ടു.ഷാജഹാന്‍ പെരുവല്ലൂരിന്റെ ജേഷ്‌ഠ സഹോദരന്റെ മകനാണ്‌ മരണമടഞ്ഞ റിഷാല്‍.പെരുവല്ലൂര്‍ കോറിയില്‍ അപകടത്തില്‍ വീണ്‌ മരണം സം‌ഭവിച്ചതാണെന്ന്‌ സമീപ വാസികള്‍ പറഞ്ഞു.
യുവാവിന്റെ ആകസ്‌മിക മരണത്തില്‍ ഉദയം പഠന വേദി  ദുഃഖം രേഖപ്പെടുത്തി. 
Share:

Thursday, March 15, 2018

ശില്‍‌പ ശാല

പാവറട്ടി : വ്യക്തിത്വ വികാസത്തിനും സന്നദ്ധ സേവന പ്രവര്‍‌ത്തനങ്ങള്‍ ശാസ്‌ത്രീയവും സര്‍‌ഗാത്മകവുമാക്കാനും ഉതകുന്ന പരിശീലന പദ്ധതിയാണ്‌ 'മാന്‍ വര്‍‌ക്ക്‌ ഷോപ്പ്‌'. ഗ്രാമീണ സന്നദ്ധ സേവനങ്ങള്‍ക്ക്‌ കൂടുതല്‍ മികവും തികവും നല്‍‌കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്‌ടിവിറ്റീസ്‌ & റിസര്‍‌ച്ച്‌(അസര്‍) വക്താവ്‌ പറഞ്ഞു.

പാവറട്ടി,എളവള്ളി,മുല്ലശ്ശേരി,തൈക്കാട്‌,വെങ്കിടങ്ങ്‌,ഒരുമനയൂര്‍,കടപ്പുറം എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള കലാ കായിക ആരോഗ്യ സാം‌സ്‌കാരിക ജീവ കാരുണ്യ പരിസ്ഥിതി മേഖലകളില്‍ പ്രവര്‍‌ത്തിച്ച്‌ കൊണ്ടിരിക്കുന്ന സം‌ഘടനകളുടെയും കൂട്ടായ്‌മകളുടെയും മൂന്ന്‌ പ്രതിനിധികള്‍‌ക്ക്‌ ശില്‍‌പ ശാലയില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.

അസര്‍ സം‌ഘടിപ്പിക്കുന്ന ഈ വിശേഷപ്പെട്ട പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും.മാര്‍‌ച്ച്‌ 24 ശനിയാഴ്‌ച കാലത്ത്‌ 8 മുതല്‍ ഒരു മണിവരെയായിരിയ്‌ക്കും ശില്‍‌പശാലയുടെ അജണ്ട. ശ്രി.ഡൊമിനിക് മാത്യു,ശ്രി.നിസാം എ.പി,ശ്രീമതി ഫാരിദ ടീച്ചര്‍ തുടങ്ങിയ ശാസ്‌ത്ര സാമൂഹിക സാം‌സ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രശോഭിച്ച പ്രഗത്ഭര്‍ ശില്‍‌പ ശാലയ്‌ക്ക്‌ നേതൃത്വം നല്‍‌കും.രചനാത്മകമായ ഈ പരിപാടി സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും ധന്യമാക്കണമെന്ന്‌ സം‌ഘാടകര്‍ അഭ്യര്‍‌ഥിച്ചു.

കാലഘട്ടം ആവശ്യപ്പെടുന്ന ഇത്തരം രചനാത്മകമായ സം‌രം‌ഭങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതാണെന്ന്‌ ഉദയം പഠനവേദി അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയില്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍‌ക്ക്‌ ഉമര്‍ വി.കെ,മുഹമ്മദ്‌ ഹാരിസ്‌ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്‌.+91 9447670090 ,+ 919526439797.
Share:

Wednesday, March 14, 2018

ഉദയം പഠനവേദി

ദോഹ: ജൈദ ടവറിനടുത്തുള്ള കെട്ടിടത്തില്‍ രണ്ടര പതിറ്റാണ്ടോളം പ്രവര്‍‌ത്തന നിരതമായിരുന്ന ഉദയം പഠനവേദി; ക്രേസി സിഗ്‌നലിന്നടുത്തുള്ള എം.പി ട്രേഡേര്‍‌സ്‌   കെട്ടിടത്തിലേക്ക്‌ മാറിയിരിക്കുന്നു. ഖത്തറിലെ ഇപ്പോഴത്തെ വിലാസം. ഉദയം പഠനവേദി,എം.പി ട്രേഡേര്‍‌സ്‌ കെട്ടിടം, ഫ്ലാറ്റ് നമ്പര്‍ 316,ദോഹ എന്നായിരിയ്‌ക്കും.ഉദയം പഠനവേദി അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയില്‍ അറിയിച്ചു. 
Share:

Wednesday, March 7, 2018

ഉദയം ഓർമ്മയാകുമ്പോൾ

ജൈദ  ഉദയം  ഓർമ്മയാകുമ്പോൾ  വിങ്ങുന്ന  ഹൃദയങ്ങൾ  നിരവധിയാണ് . ഉദയത്തിൻറെ  ആതിഥ്യം  സ്വീകരിക്കാത്ത,  അവിടെനിന്നുയരുന്ന  വിജ്ഞാനത്തിന്റെ  സൗരഭ്യം  അൽപ്പമെങ്കിലും ആസ്വദിക്കാത്ത , അവിടുത്തെ  അന്തിച്ചർച്ചകളിൽ  എന്തെങ്കിലും  അഭിപ്രായം  പ്രകടിപ്പിക്കാത്ത  പ്രദേശത്തുകാരും  അല്ലാത്തവരുമായ  പഴയ ഖത്തർ  പ്രവാസികളിൽ  ആരെങ്കിലും  ഉണ്ടാകുമോ  ഉദയത്തെ  അറിയാത്തവരായി ?

നട്ടുച്ചക്കും  നട്ടപ്പാതിരാക്കും  നനുത്ത  പ്രഭാതത്തിലും  എന്നുവേണ്ട  24  മണിക്കൂറും  സജീവമാകുന്ന  അതിൻറെ  മജ്‌ലിസ്. മുറിയില്‍ വിശ്രമിക്കുന്നവർക്ക്  യാതൊരു  അലോസരവുമുണ്ടാക്കാതെ  പ്രാദേശിക  തലം  മുതൽ  അന്താരാഷ്‌ട്ര  വിഷയങ്ങൾ വരെ  ചർച്ചകളാൽ  മുഖരിതമാകാറുണ്ട്. അതിൻറെ  നടുത്തളത്തിൽ  അരങ്ങേറുന്ന  ഖുർആൻ  ക്ളാസുകൾ, പ്രാദേശിക  കൂട്ടായ്മകൾ , കാര്യ നിർവ്വഹണ  സമിതികൾ, രാഷ്ട്രീയ  ചർച്ചകൾ , രാഷ്ട്രാന്തരീയ  നിരൂപണങ്ങൾ , ജനസേവന  കമ്മിറ്റികൾ , ബഹുഭാഷാ  പഠന കളരികൾ , കമ്പ്യൂട്ടര്‍  പഠനം ,സിമ്പോസിയങ്ങൾ, ക്യാമ്പുകൾ ,നോമ്പ് തുറ  തുടങ്ങി  എത്രയെത്ര  മാനവിക മൂല്യങ്ങളെ  പരിപോഷിപ്പിക്കുന്ന  കാര്യ പരിപാടികൾ . കേരളത്തിൻറെ  അങ്ങോളമിങ്ങോളമുള്ള  എത്രയെത്ര  വ്യക്തിത്വങ്ങൾ  ഇതിൽ  പങ്കാളികളാകാറുണ്ടെന്നതിൽ  ഒരു കണക്കുമില്ല. അവരെല്ലാം  ആ  കോണിപ്പടികൾ  ഇറങ്ങുന്നത്  മനസ്സ്  നിറയെ  വിജ്ഞാനവും  തങ്ങൾ  കൂടെ പങ്കാളികളായ  റിലീഫ്  പ്രവർത്തനങ്ങളുടെ  ആത്മ  സംതൃപ്തിയാലും  ഒരു കപ്പ്  പാൽപായസമെങ്കിലും  നുണഞ്ഞ  മാധുര്യം  ആസ്വദിച്ചും  കൊണ്ടുമായിരിക്കും.

ഭക്ഷണ  പ്രിയരുടെ  പ്രിയ തോഴനായ  റഫീഖ്  സാഹിബിന്റെ  കൈപുണ്യം  ഒരിക്കൽ  അനുഭവിച്ച  ആരും തന്നെ  വീണ്ടുമൊരിക്കൽ  കൂടെ  അതനുഭവിക്കാൻ  തിടുക്കം കൂട്ടാതിരിക്കില്ല. പലപ്പോഴും  ഞാൻ  ചിന്തിക്കാറുണ്ട്. ആ ഫ്‌ളാറ്റിന്റെ  നിർമ്മിതിയെ കുറിച്ച്. ഇത്ര  പഴക്കമുള്ള  ആ കെട്ടിടം  നിർമ്മിക്കുന്ന  അക്കാലത്തു പോലും  എത്ര  ശാസ്ത്രീയമായാണ്  അത്  രൂപകൽപ്പന  ചെയ്തിരിക്കുന്നതെന്ന്. റൂമിൽ  വിശ്രമിക്കുന്നവർക്ക്  യാതൊരു  അലോസരവുമുണ്ടാക്കാതെ  24 മണിക്കൂറും  പ്രകാശമയമാക്കി കൊണ്ട്  തന്നെ  ഉപയോഗപ്പെടുത്താവുന്ന  അതിൻറെ  ലൈബ്രറിയും  മജ്‌ലിസും. യോഗങ്ങൾ  നടന്നു കൊണ്ടിരിക്കുമ്പോൾ  തന്നെ  വൈകിയെത്തുന്നവർക്ക്  സദസ്സിൻറെ  ഗൗരവം  ചോർത്താതെ  വേറെ  വഴിയിലൂടെ  വന്നിരിക്കാവുന്ന  സംവിധാനം. അങ്ങിനെ  എല്ലാം കൊണ്ടും  അന്തസ്സുള്ള ,സുരക്ഷിതത്വമുള്ള  ഒരു  തറവാടുതന്നെയായിരുന്നു  നിലവിലെ ഉദയം. ഫജ്ർ  നമസ്കാരാനന്തരം  സജീവമാകുന്ന  നടുത്തളം. പള്ളിയിൽ നിന്നും  നേരെ  ആ പ്രധാന  പീഠത്തിൽ  അസീസ്ക്ക  ഉപവിഷ്ടനാകും. തൻറെ  വിജ്ഞാന  ഭാണ്ഡവും  തുറന്നു വെച്ച് . ആർക്കൊക്കെ  എന്തൊക്കെ  ആവശ്യമുണ്ടോ  അതെല്ലാം  നൽകാൻ  തയാറായി. അപ്പോഴേക്കും  റഫീഖിന്റെ  പാൽചായ  എത്തിയിരിക്കും.

ഓരോരുത്തരുടെ  ഡ്യൂട്ടി സമയത്തിനനുസരിച്ചു്  ഓരോരുത്തരായി  വന്നും പോയിക്കൊണ്ടുമിരിക്കും. രാവേറെ  ചെല്ലുമ്പോൾ  എല്ലാവരും  ഉറക്കത്തിൻറെ  ആലസ്യത്തിലേക്ക്  വഴുതി വീഴുമ്പോൾ  തറവാടിൻറെ പ്രധാന കവാടമായ  ഇരുമ്പ്  വാതിൽ  തുറക്കുന്ന  ശബ്ദം  കേട്ടാൽ  മനസ്സിലാക്കാം  അത്  മൊയ്‌തീൻ  മാസ്റ്റർ  ആയിരിക്കും.വയോധികനായ  മൊയ്‌തീൻ  മാസ്റ്റർ  ചെർപ്പുളശ്ശേരിക്കാരനായിട്ടും ,കരീം സാഹിബ്  മലപ്പുറത്തുകാരനായിട്ടും  നീണ്ട  വർഷങ്ങളായി  ഉദയത്തിൽ  അന്തേവാസികളായി തുടരുന്നത്  നന്മകൾ  മാത്രം  പ്രസരിക്കുന്ന  ഉദയത്തിൻറെ തണലിൽ കഴിയുന്നതിലുള്ള  ആത്മസംതൃപ്തിയാകാം . തപിക്കുന്ന എത്രയെത്ര  ഹൃദയങ്ങൾക്ക്  ആ  മജ്‌ലിസ്  സാന്ത്വനം നൽകി ,കണ്ണീരണിഞ്ഞ  എത്രയെത്ര  കണ്ണുകളെ  അതിന്  തുടക്കാൻ കഴിഞ്ഞു. ചോർന്നൊലിക്കുന്ന  എത്രയെത്ര  കൂരകൾക്ക്  അത്  വാസയോഗ്യമാകാന്‍ സഹായിച്ചു. രോഗത്താൽ  വേദനിക്കുന്ന , ദാരിദ്യത്താൽ  അവശതയനുഭവിക്കുന്ന , കടങ്ങൾ കൊണ്ട്  പൊറുതിമുട്ടുന്ന  അങ്ങനെ അങ്ങനെ ....എല്ലാം അല്ലാഹു  സ്വീകരിക്കുമാറാകട്ടെ.

ഒരുപാട് ഒരുപാട് ചരിത്രമുറങ്ങുന്ന  ജൈദയിലെ  ഉദയം  ആസ്ഥാനം  പറിച്ചു നടാൻ  പോകുന്നുവെന്നറിഞ്ഞപ്പോൾ  മനസ്സിൽ  തികട്ടിവന്ന  ഓർമ്മകളിൽ നിന്നും  ചിലത്  പങ്കുവെച്ചെന്ന് മാത്രം. ചേക്കേറാൻ  ഉദ്ദേശിക്കുന്ന  പുതിയ  ആസ്ഥാനത്ത്  കൂടുതൽ  പ്രവർത്തന  മണ്ഡലങ്ങൾ  തീർക്കാനും  വൈജ്ഞാനിക  സദസ്സുകൾ  കൂടുതൽ  ഊർജസ്വലവും കരുത്തും  പകരുന്നതും ആകട്ടെ  എന്ന്  ആശംസിക്കുകയാണ്.

അബ്ദുൽഖാദർ പുതിയവീട്ടിൽ
Share:

Sunday, March 4, 2018

ഹൃദ്യമായ ആദര്‍‌ശം

ദോഹ:ആഴത്തില്‍ ഹൃദയാന്തങ്ങളില്‍ ആണ്ടിറങ്ങേണ്ട ആദര്‍‌ശ വാക്യത്തെയാണ്‌ വിശുദ്ധ ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നത്.ശബ്‌ദ ഘോഷങ്ങളാല്‍ മുഖരിതമായി മറ്റുള്ളവരുടെ കാതും കതകും കൊട്ടിയടക്കുന്ന അവസ്ഥയില്‍ നിന്നും കാതും കതകും തുറപ്പിക്കും വിധം ഹൃദ്യമായിരിക്കണം എല്ലാ അര്‍ഥത്തിലും ഈ ആദര്‍‌ശ വാക്യം.ഉദയം അധ്യക്ഷന്‍ ഓര്‍‌മ്മിപ്പിച്ചു.ഉദയം പഠനവേദിയുടെ ചതുര്‍‌മാസ പ്രവര്‍‌ത്തക സമിതിയില്‍ വിജ്ഞാന സദസ്സില്‍ പ്രവര്‍‌ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഉദയം പ്രസിഡണ്ട്‌ അസീസ്‌ മഞ്ഞിയില്‍.

വിശ്വാസിയുടെ ഹൃദയാന്തരങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള മഹത്തായ വൃക്ഷത്തെ ഉദാഹരിച്ചുള്ള വിശുദ്ധ വാക്യത്തെ ഉള്‍‌കൊള്ളുമ്പോള്‍ മാത്രമേ മനസ്സിന്‌ ശാന്തിയും സമാധാനവും ലഭിക്കുകയുള്ളൂ.അന്യരുടെ ആശയും പ്രതീക്ഷയുമായി വിശ്വാസി മഹാ വൃക്ഷമായി മാറണം.എക്കാലത്തും ഫലം നല്‍‌കുന്ന സ്വര്‍‌ഗീയമായ മരം.അസീസ്‌ വിശദീകരിച്ചു.

പഠന സദസ്സിന്‌ ശേഷം സെക്രട്ടറി നൗഷാദ്‌ പി.എ റിപ്പോര്‍‌ട്ട്‌ വായിച്ചു പാസ്സാക്കി.ദാന ധര്‍‌മ്മ സമാഹരണങ്ങളും വിതരണവും സം‌ബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കപ്പെട്ടു.വൈസ്‌ പ്രസിഡണ്ട്‌ അബ്‌ദുല്‍ ജലീല്‍ എം.എം നാട്ടു വിശേഷങ്ങള്‍ പങ്കു വെച്ചു.അബ്‌ദുല്‍ കലാം പ്രദേശത്തെ രാഷ്‌ട്രീയ മുന്നേറ്റവുമായി ബന്ധപ്പെട്ട തിരിച്ചറിവിനെ കുറിച്ച്‌ ഓര്‍‌മ്മപ്പെടുത്തി.ദാന ധര്‍‌മ്മ സമാഹരണ ഇനത്തില്‍ ബാക്കിയിരിപ്പുള്ള ചെറിയൊരു വിഹിതം ദിവസങ്ങള്‍‌ക്കകം ഉചിതമായി വിനിയോഗിക്കുമെന്ന്‌ അധ്യക്ഷന്‍ അറിയിച്ചു.വരുന്ന റമദാനിനോടനുബന്ധിച്ചുള്ള പരിപാടികളുടെ മുന്‍‌കൂട്ടിയുള്ള ആസൂത്രണങ്ങള്‍‌ക്ക്‌ പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ഉപ സമിതിക്ക്‌ രൂപം നല്‍‌കി.ഇഷാ നമസ്‌കാരാനന്തരം 07.40 ന്‌ ചേര്‍‌ന്ന യോഗം 08.40 ന്‌ സമാപിച്ചു. 

Share:

നന്മയില്‍ സഹകരണം

ദോഹ:തിരുനെല്ലൂര്‍ മഹല്ലും നന്മ തിരുനെല്ലുരും സഹകരിച്ചു കൊണ്ടുള്ള ശുദ്ധ ജല വിതരണ സംരംഭവുമായി ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായസഹകരണങ്ങളും പിന്തുണയും ലഭിച്ചു കൊണ്ടിരിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

തിരുനെല്ലൂരിന്റെ സ്വന്തം മുഹമ്മദന്‍‌സ്‌ ഖത്തര്‍,മുല്ലശ്ശേരി പരിസര മഹല്ലുകള്‍ കേന്ദ്രികരിച്ച്‌ പാവറട്ടി ആസ്ഥാനമാക്കി പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്ന ഉദയം പഠനവേദി യഥാക്രമം പതിനഞ്ചും പത്തും ദിവസത്തെ വിതരണത്തിനുള്ള സാമ്പത്തിക സഹായം വാഗ്ദത്തം നല്‍കപ്പെട്ടതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.കളിയും കാര്യവും സാമൂഹിക ക്ഷേമ പ്രവര്‍‌ത്തനങ്ങളിലും സജീവമായി ഇടപെടുന്ന മുഹമ്മദന്‍‌സ് ഖത്തറിന്റെ നിലപാടുകള്‍ ഏറെ ശ്ലാഘനീയമാണെന്നു സഹൃദയര്‍ പ്രതികരിച്ചു.ഉദയം പഠനവേദിയുടെ ദാന ധര്‍‌മ്മ സമാഹരണത്തില്‍ നിന്നും വിഹിതം നല്‍‌കുന്ന അവസരോചിതമായ ഇടപെടലും സ്വാഗതം ചെയ്യപ്പെട്ടു.
Share:

Thursday, March 1, 2018

തെന്നിലാപുരം വിടപറഞ്ഞു

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ അന്തരിച്ചു.

പാലക്കാട് : വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ (71) അന്തരിച്ചു. പാലക്കാട് സ്വകാര്യആശുപത്രിയില്‍ ഇന്ന് ( മാർച്ച് 1 വ്യാഴം) രാവിലെ 10 മണിക്കായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മികച്ച സംഘാടകനും വാഗ്മിയുമായ തെന്നിലാപുരം രാധാകൃഷ്ണന്‍ പാലക്കാട് തെന്നിലാപുരം പി.എസ്.ആര്‍ എഴുത്തച്ഛന്റെയും എ പാറുക്കുട്ടിയമ്മ യുടെയും മകനായി 1947 മെയ് 25 ന് ജനനം. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ സേവനമനുഷ്ഠിക്കെ ആര്യവൈദ്യ ഫാര്‍മസി എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂ ടെ രാഷ്ട്രീയരംഗത്ത് സജീവമായി. 1969 ല്‍ സി.പി.ഐ അംഗമായി. എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായും എ.ഐ.ടി.യു.സി സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായും സി.പി.ഐ സംസഥാന കമ്മിറ്റി അംഗമായും രണ്ട് തവണ പാലക്കാട് ജില്ലാസെക്രട്ടറിയായും യുവകലാസാഹിതി സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചു. കര്‍ഷകസംഘം പാലക്കാട് ജില്ലാ സെക്രട്ടറി, എ.ഐ.ടിയു.സി പാലക്കാട് ജില്ലാ സെക്ര'റി എന്നീ ചുമതലകള്‍ വഹിച്ചു. എ.ഐ.വൈ.എഫ്, എ.ഐ.ടി.യു.സി കര്‍ഷകസംഘം എന്നിവയുടെ ദേശീയ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ജനയുഗം ഡയറക്ടര്‍, കൊല്ലം ചിറ്റൂര്‍ കോ-ഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്‍റ്. പാലക്കാട് ഐ.ആര്‍.സി കമ്മിറ്റിയംഗം, സെന്‍ട്രല്‍ ഗവമെന്‍റിനു കീഴിലുള്ള തൊഴിലാളി വിദ്യാഭ്യാസ പദ്ധതി ഡയറക്ടര്‍, പാലക്കാട് ജില്ലാ വികസന സമിതിയംഗം, രാജീവ്ഗാന്ധി പഞ്ചവത്സര പദ്ധതിയുടെ ജില്ലാ മൈക്രോ കമ്മിറ്റി അംഗം, പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടര്‍, ദേശീയ സമ്പാദ്യ പദ്ധതിയുടെ സംസ്ഥാന ഉപദേശക സമിതിയംഗം, കമാന്റ് ഏരിയ ഡവലപ്‌മെന്റ് അതോറിറ്റി അംഗം എന്നീ പദവികള്‍ വഹിച്ചു. 

പിന്നീട് സി.പി.ഐ വിട്ട അദ്ദേഹം 2012 ല്‍ വെല്‍ഫെയര്‍പാര്‍ട്ടിയില്‍ അംഗമായി. പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍സെക്രട്ടറി, ദേശീയ ജനറല്‍ കൌണ്‍സില്‍ അംഗം, എഫ്.ഐ.ടി.യു ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി മുഖപത്രമായ ജനപക്ഷത്തിന്റെ എഡിറ്റോറിയല്‍ കമ്മിറ്റി അംഗമായിരുന്നു. 
പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മരണസമയത്ത് ഭാര്യകെ.ആര്‍സുഗുഭ, മകള്‍ രമ്യാകൃഷ്ണന്‍, മരുമകന്‍ രഞ്ജിത്ത് രാമകൃഷ്ണന്‍ എിവര്‍ സന്നിഹിതരായിരുന്നു.
സംസ്കാരം നാളെ (മാർച്ച് 2 , വെള്ളി) രാവിലെ 10 മണിക്ക് പാലക്കാട് നടക്കും.
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Labels

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com