International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Thursday, February 11, 2016

സഹികെട്ടവരുടെ പ്രതിരോധം

സഹികെട്ടവരുടെ പ്രതിരോധം:കബീര്‍
ഞാനിനി പടിഞ്ഞാട്ട്ക്കില്ല അവ്ട്ത്തെ കൊടി എറങ്ങീട്ടില്ല,ചെണ്ടക്കാരും, മേളക്കാരും ക്ഷീണിച്ചുറങ്ങാണ് നേർച്ച പറമ്പിൽ വളക്കാരും,അലുവ കച്ചോടക്കാരും അവരുടെ സാധനങ്ങൾ കെട്ടിപ്പൂട്ടുന്ന തെരക്കിലും,നേർച്ച കമ്മിറ്റിക്കാർ വരവ് ചെവ് കണക്ക് കൂട്ടണുണ്ട്,കൊറച്ച് കോട്ടേരും ആനക്കാരും കൂലിക്ക് വേണ്ടി കാത്തിരിക്കണ്,പാടത്തെപീട്യേലെ കറപ്പുവ്യേട്ടൻ നേർച്ച പറമ്പിലെ ട്യൂബും ബൽബ് മാലേം അഴിക്കുന്നുണ്ട്‌, പിന്നെ എങ്ങനെങ്ങട്ട് പോവാ?തന്നേല്ല ഞമ്മളെ കാർന്നോര് മൂസ ഉസ്താദിന്റെ കയ്യിലുള്ള പോൽത്തെ ചൂരലും, നിരീക്ഷണ കേമറയുമായി ബദറുക്ക ആനപ്പുറത്ത്ന്ന് വീണ സ്ഥലത്ത് നിക്കണണ്ട് ഇനി ആരാടാ ജാഹിലിയത്ത് ചെയ്യണതന്ന് നോക്കാൻ.അതിനാൽ ഞാൻ കരമാറ്റുന്നു പടിഞ്ഞാറക്കര വിട്ട് കിഴക്കേകര ചേക്കേറുന്നു...

എന്റെ വീട് കിഴക്കേകര നാല് "ത്ത്" ന്റെ നടുക്കലാണ് ഞങ്ങൾ അന്നും ഇന്നും രണ്ടു വശത്ത് കൂടത്തുകാർ,ഒരു വശത്ത് പോന്നാങ്കടത്തുകാർ,ഒരു വശത്ത് താമ്പത്ത്കാർ,നടുവിൽ ഞങ്ങൾ വലിയകത്തുകാർ,എല്ലാത്തിലും തത്തയുണ്ട് അങ്ങനെ ഒരു ത്തത്തത്തിൽ പൊതിഞ്ഞ ചെറുപ്പമായിരുന്നു എന്റെത് ഇന്നും അങ്ങനെ തന്നെ.ചെറുപ്പത്തിൽ ഒരു പേടി തന്നെയായിരുന്നു പടിഞ്ഞാറ് പോയാൽ അവിടെ ഉമ്മോത്തിത്താടെ റൂഹ് ഉണ്ടാവുത്രെ,തെക്കോട്ട് പുന്നച്ചോട് അവിടെ അന്തിയായാൽ ആരും പോകുല്ല വടക്കോട്ടാണങ്കിൽ ഉമ്മാച്ചിയമ്മായിടെ ജിന്ന് കിഴക്കോട്ടാണങ്കിൽ കുമാരന്റെ പറമ്പിൽ ആരൊക്കെയോ ദഹിപ്പിക്കേം കുഴിച്ചിടേം ചെയ്തിരിക്കുന്നു പോരാത്തതിന് തൊട്ടടുത്ത് കൊല്ലംകുളവും അവിടെ യക്ഷി ഉണ്ടേത്ര ! ഇതാണ് എന്റെ ചെറുപ്പകാലത്തെ കിഴക്കേകര.

എന്റെ ചെറുപ്പകാലത്ത് ഞാൻ ഒരു പാട് ബഹുമനിച്ചിരുന്നതും പേടിച്ചിരിന്നതും വലിയ താടിയും തൊപ്പിയും ഉള്ളവരെയായിരുന്നു അങ്ങനെ ഒരു വ്യക്തി ഞങ്ങളുടെ കുറച്ചു അടുത്ത് താമസമുണ്ടായിരുന്നു(പേര് പറയാൻ ആഗ്രഹിക്കുന്നില്ല പെരിങ്ങോട്ടുകാർക്ക് അറിയാമായിരിക്കും ഗ്രൂപ്പിൽ അല്ലാതെ നേരിട്ടു എന്നോട് പ്രതികരിക്കാം) അദ്ദേഹം മിക്കവാറും ഏർവാടിയാലാണുണ്ടാവുക വല്ലപ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിക്കാൻ നാട്ടിൽ വരും ആ സമയങ്ങളിലെല്ലാം അയാൾ നാട്ടിൽ ശൈയ്താനും ഹാളിറത്തുംവന്നവരെ ചികിത്സിക്കുന്ന തിരക്കിലായിരിക്കും.ഞാനായിരുന്നു അദ്ദേഹത്തിന്റെ സഹായി.

അദ്ദേഹം സദാസമയവും ഏർവാടിയിലാണുണ്ടാവുക അദ്ദേഹം വരുമ്പോൾ ഒരു ഏർവാടി മണം തന്നെ വീശും ഞാൻ കരുതും ഇത് പോലെ തന്നെയാണ് സുബർക്കത്തിലെ മണവുമെന്ന് (പിന്നീട് കുറെ കാലങ്ങൾ ശേഷമാണ് മനസ്സിലാക്കാൻ കഴിഞ്ഞത് വിയർപ്പും, നിലവാരം കുറഞ്ഞ അത്തറും,മുഷിഞ്ഞ വസ്ത്രത്തിന്റേയും സംഗമത്തിന്റെ മണമായിരിന്നു എന്ന് ) ഏർവാടിയിൽ നിന്നു വരുമ്പോൾ തൂവൽ തൊപ്പിയും,ചീരിനി,ചുവന്ന നൂല്,ഏർവാടി ശുഹദാക്കൻമാരെ ചായചിത്രം,ഏർവാടി പള്ളിയുടെ ചിത്രങ്ങൾ ഒക്കെ ഉണ്ടാവുമായിരുന്നു.അദ്ദേഹം എന്റെ ഉപ്പയുമായി നല്ല അടുപ്പമായിരുന്നു.

അങ്ങിനെ ഒരു രാത്രിയിൽ ശൈതാൻ ദേഹത്ത് കയറിയ ഒരു പെൺകുട്ടിയെ ചികിത്സിക്കാൻ അദ്ദേഹം എന്നെയും കൂടെ കൂട്ടി എന്റെ ജോലി അദ്ദേഹത്തിന്റെ കൈ പിടിച്ചു ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് രാത്രിയായതിനാൽ ചൂട്ട് കത്തിച്ച് വേണം പോകണമെങ്കിൽ തന്നെയുമല്ല ചൂട്ട് അണയാതിരിക്കാൻ ആഞ്ഞ് വീശുകയും വേണം.എന്നെ കൂടെ കൊണ്ട് പോകാൻ എന്റെ ഉപ്പാട് അയാൾ അനുവാദം ചോദിച്ചായിരിക്കും കൊണ്ട് പോകുന്നത് എനിക്കും നല്ല ഇഷ്ടമായിരുന്നു താടിയും തൊപ്പിയും ഉളളവരോടൊപ്പം പോകാൻ കാരണം അവർക്ക് പോകുന്നിടത്തല്ലാം നല്ല ഭക്ഷണം ഉണ്ടായിരിക്കും അതിലൊരു പങ്ക് എനിക്കും കിട്ടും.ചെറുപ്പത്തിൽ വളരെ വിരളമായി മാത്രമേ നല്ല ഭക്ഷണം കിട്ടിയിട്ടുളളൂ. നോമ്പ് കാലത്തും,രണ്ട് പെരുന്നാളിനും,ബറാത്തിനും,ആരുടെയെങ്കിലും വിവാഹങ്ങൾക്കും,പിന്നെ കൊല്ലത്തിൽ ഒരിക്കൽ ഞങ്ങളുടെ ഓലപ്പുര കെട്ടാൻ ആശാരിമാർ വരുമ്പോൾ വീട്ടിൽ നല്ല കട്ക് ഇട്ട് താളിച്ച കൂട്ടാനും ചോറും ഉണ്ടാക്കും അതല്ലാതെ വീട്ടിൽ നിന്ന് ബാല്യകാലത്തെ ഭക്ഷണരുചി ഓർമ്മകളിൽ ഇല്ല.

ശൈതാനെ ഒഴിപ്പിക്കാൻ പോകേണ്ട വീട് കണ്ണന്റെ കാട്ടിൽ ആണ്.. അവർ ആദ്യം താമസസിച്ചിരുന്നത് തെക്കെയിലെ കാദർക്കാടെ തൊട്ടടുത്തായിരിന്നു. അവർ കണ്ണന്റെ കാട്ടിലേക്ക് താമസം മാറിയപ്പോൾ ആണത്ര ശൈതാൻ ദേഹത്ത് കേറിയത്.അങ്ങനെ ഞങ്ങൾ പ്രയാണമാരംഭിച്ചു.അന്നത്തെ കാലത്ത് കണ്ണന്റെ കാട് എന്നാൽ വെറും ഹരിജന ഗിരിജന ഒടിയന്മാരുടെ സ്ഥലവും,ഭൂത പ്രേത പിശാചിന്റേതും,ആളെ പിട്ത്തക്കാരും ഒക്കെ ഉള്ള സ്ഥലമാണന്നാണ് എന്റെ ധാരണ.ഈ ശൈതാനെ പിടിച്ചു കെട്ടുന്ന മഹാമനസ്കനുമായി ഞാൻ പോകുന്ന സമയത്ത് മനസ്സിൽ നല്ല പേടിയും ഉണ്ടാവുമായിരുന്നു.അദ്ദേഹത്തിന്റെ രണ്ടു കാലിലും വലിയ വലുപ്പത്തിൽ നീര്‍‌കെട്ടുണ്ടായിരുന്നു അത് കാരണം അദ്ദേഹം വളരെ പ്രയാസപ്പെട്ട് ചെരിഞ്ഞ് ചെരിഞ്ഞാണ് നടക്കാറ് ഈ നടത്തത്തിൽ അദ്ദേഹത്തിന്റെ തടിയുളള ശരീരവും,നീണ്ട താടിയും,ചൂട്ടിന്റെ വെളിച്ചത്തിൽ കാണുന്ന നിഴലുകൾ എന്നെ പേടി പ്പെടുത്തുമായിരുന്നു.

ഞങ്ങൾ ശൈതാൻ കുടിയിരിക്കുന്ന വീടിന്റെ മുന്നിൽ എത്തി.കാരണം നല്ല ഇറച്ചികൂട്ടാന്റെ മണം വീശുന്നു.ശൈതാൻ ബാധിച്ച പെണ്ണിന്റെ മാതാവ് ചിമ്മിനി വിളക്കുമായി കോലായിമ്മേൽ കാത്തിരിക്കുന്നു.ഞങ്ങൾ അകത്തു കയറി ഒരു പായമ്മേൽ വെള്ള വിരിപ്പ് വിരിച്ചിരിക്കുന്നു,മുൻ കൂട്ടി പറഞ്ഞ പ്രകാരം കോഴിമുട്ട,ഇളനീര്,നാരങ്ങ,തിരികൾ,എണ്ണ,എന്നിവ തെയ്യാറാക്കി വെച്ചിട്ടുണ്ട്.ആ സ്ത്രീ ചോദിച്ചു " ചോറ് ഇപ്പ എടുക്കണാ അതാ ഓത്തും ബൈത്തും കയ്ഞ്ഞട്ടാ" ഇദ്ദേഹം പറഞ്ഞു "ഇനിപ്പെന്തായാലും ഇവളണ്ട് പാട്ട്മ്മലാക്കട്ടെ ന്നട്ട്മതി പയ്കണേന് തിന്നല്"ഇത് കേട്ട പാടെ എനിക്ക് സങ്കടം എന്തോക്കെ ആലോചിച്ച് വന്നതാ...

അങ്ങനെ ശൈതാനെ പിടിക്കണ പണി തുടങ്ങി  വളരെ ഉച്ചത്തിലുളള ദുആയും,ഇടക്കിടക്ക് ഏർവാടി ശുഹദാക്കൻമാരെ നീട്ടി വിളിക്കുകയും,വലിയ ശബ്ദത്തിൽ മുക്കുകയും, മൂളുകയും,പേടിപ്പിക്കുന്ന അശരീരി ഉണർത്തുന്ന ശബ്ദവും ഉയർത്തിയായിരുന്നു ചികിത്സാരീതി
ഞങ്ങളുടെ എതിർവശമാണ് ബാധ പിടിപെട്ട പെണ്ണിനെ ഇരിത്തിയിരിക്കുന്നത്.പെണ്ണിനോട് ഒരു പാട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് "നീ എവിട്ന്ന് വന്ന് എന്തിന് വന്ന് വന്നോട്ത്തക്ക്ന്നെ പൊയ്ക്കോ"അങ്ങനെ കുറെ ചോദ്യങ്ങൾ അവസാനം പെണ്ണ് ഒന്നും പറയുന്നില്ല ഒരനക്കവും ഇല്ല.അവസാനം ഈ മൊയ്‌ല്യാര്‍ ചൂരൽ പ്രയോഗം തുടങ്ങി തലങ്ങും വെലങ്ങും അടിച്ച് തുടങ്ങി ഇതല്ലാം കണ്ടു പേടിച്ച് വിറച്ച് ഇരിക്കുകയാണ് ഞാൻ ആ പെണ്ണാണങ്കിൽ വേദന കൊണ്ട് പുളയുന്നു കൂട്ടത്തിൽ ഉറക്കെ നിലവിളിച്ചു കരയുന്നു..എന്നെ തല്ലല്ലേ എനിക്കൊരു സൂക്കേടുല്ലാ...ആര്‍ കേൾക്കാൻ...ഒടുവിൽ സഹികെട്ടാവണം കൈ കഴുകാൻ വെള്ളം വെക്കുന്ന കിണ്ടി എടുത്തു  ആ പെണ്ണ് ഇയാളെ തലക്ക് നോക്കി ഒരേറ്..സഹികെട്ടവരുടെ പ്രതിരോധം.
കാര്യമായി പരിക്കില്ലങ്കിലും തടി തപ്പി.....ചോറുംല്ലാ ചാറൂല്ലാ..ചോറ് തിന്നാണ്ട് ചെന്നാപ്പോ ഉമ്മ ചോദിച്ചു എന്താ മോനെ ചോറ് ഇണ്ടാര്‍ന്നില്ലേ..? ഞാൻ പറഞ്ഞു "ഉമ്മാ ശൈയ്താൻ മൊയ്‌ല്യാരെ കിണ്ട്യോണ്ട് എറിഞ്ഞ്".അദ്ദേഹം ജീവിച്ചിരിപ്പില്ല.അല്ലാഹു അദ്ദേഹത്തിന്റെ ആഖിറ ജീവിതം ധന്യമാക്കി കൊടൂക്കട്ടെ..ആമീൻ.
വി.എം.കബീര്‍ തിരുനെല്ലൂര്‍
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com