International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Wednesday, March 7, 2018

ഉദയം ഓർമ്മയാകുമ്പോൾ

ജൈദ  ഉദയം  ഓർമ്മയാകുമ്പോൾ  വിങ്ങുന്ന  ഹൃദയങ്ങൾ  നിരവധിയാണ് . ഉദയത്തിൻറെ  ആതിഥ്യം  സ്വീകരിക്കാത്ത,  അവിടെനിന്നുയരുന്ന  വിജ്ഞാനത്തിന്റെ  സൗരഭ്യം  അൽപ്പമെങ്കിലും ആസ്വദിക്കാത്ത , അവിടുത്തെ  അന്തിച്ചർച്ചകളിൽ  എന്തെങ്കിലും  അഭിപ്രായം  പ്രകടിപ്പിക്കാത്ത  പ്രദേശത്തുകാരും  അല്ലാത്തവരുമായ  പഴയ ഖത്തർ  പ്രവാസികളിൽ  ആരെങ്കിലും  ഉണ്ടാകുമോ  ഉദയത്തെ  അറിയാത്തവരായി ?

നട്ടുച്ചക്കും  നട്ടപ്പാതിരാക്കും  നനുത്ത  പ്രഭാതത്തിലും  എന്നുവേണ്ട  24  മണിക്കൂറും  സജീവമാകുന്ന  അതിൻറെ  മജ്‌ലിസ്. മുറിയില്‍ വിശ്രമിക്കുന്നവർക്ക്  യാതൊരു  അലോസരവുമുണ്ടാക്കാതെ  പ്രാദേശിക  തലം  മുതൽ  അന്താരാഷ്‌ട്ര  വിഷയങ്ങൾ വരെ  ചർച്ചകളാൽ  മുഖരിതമാകാറുണ്ട്. അതിൻറെ  നടുത്തളത്തിൽ  അരങ്ങേറുന്ന  ഖുർആൻ  ക്ളാസുകൾ, പ്രാദേശിക  കൂട്ടായ്മകൾ , കാര്യ നിർവ്വഹണ  സമിതികൾ, രാഷ്ട്രീയ  ചർച്ചകൾ , രാഷ്ട്രാന്തരീയ  നിരൂപണങ്ങൾ , ജനസേവന  കമ്മിറ്റികൾ , ബഹുഭാഷാ  പഠന കളരികൾ , കമ്പ്യൂട്ടര്‍  പഠനം ,സിമ്പോസിയങ്ങൾ, ക്യാമ്പുകൾ ,നോമ്പ് തുറ  തുടങ്ങി  എത്രയെത്ര  മാനവിക മൂല്യങ്ങളെ  പരിപോഷിപ്പിക്കുന്ന  കാര്യ പരിപാടികൾ . കേരളത്തിൻറെ  അങ്ങോളമിങ്ങോളമുള്ള  എത്രയെത്ര  വ്യക്തിത്വങ്ങൾ  ഇതിൽ  പങ്കാളികളാകാറുണ്ടെന്നതിൽ  ഒരു കണക്കുമില്ല. അവരെല്ലാം  ആ  കോണിപ്പടികൾ  ഇറങ്ങുന്നത്  മനസ്സ്  നിറയെ  വിജ്ഞാനവും  തങ്ങൾ  കൂടെ പങ്കാളികളായ  റിലീഫ്  പ്രവർത്തനങ്ങളുടെ  ആത്മ  സംതൃപ്തിയാലും  ഒരു കപ്പ്  പാൽപായസമെങ്കിലും  നുണഞ്ഞ  മാധുര്യം  ആസ്വദിച്ചും  കൊണ്ടുമായിരിക്കും.

ഭക്ഷണ  പ്രിയരുടെ  പ്രിയ തോഴനായ  റഫീഖ്  സാഹിബിന്റെ  കൈപുണ്യം  ഒരിക്കൽ  അനുഭവിച്ച  ആരും തന്നെ  വീണ്ടുമൊരിക്കൽ  കൂടെ  അതനുഭവിക്കാൻ  തിടുക്കം കൂട്ടാതിരിക്കില്ല. പലപ്പോഴും  ഞാൻ  ചിന്തിക്കാറുണ്ട്. ആ ഫ്‌ളാറ്റിന്റെ  നിർമ്മിതിയെ കുറിച്ച്. ഇത്ര  പഴക്കമുള്ള  ആ കെട്ടിടം  നിർമ്മിക്കുന്ന  അക്കാലത്തു പോലും  എത്ര  ശാസ്ത്രീയമായാണ്  അത്  രൂപകൽപ്പന  ചെയ്തിരിക്കുന്നതെന്ന്. റൂമിൽ  വിശ്രമിക്കുന്നവർക്ക്  യാതൊരു  അലോസരവുമുണ്ടാക്കാതെ  24 മണിക്കൂറും  പ്രകാശമയമാക്കി കൊണ്ട്  തന്നെ  ഉപയോഗപ്പെടുത്താവുന്ന  അതിൻറെ  ലൈബ്രറിയും  മജ്‌ലിസും. യോഗങ്ങൾ  നടന്നു കൊണ്ടിരിക്കുമ്പോൾ  തന്നെ  വൈകിയെത്തുന്നവർക്ക്  സദസ്സിൻറെ  ഗൗരവം  ചോർത്താതെ  വേറെ  വഴിയിലൂടെ  വന്നിരിക്കാവുന്ന  സംവിധാനം. അങ്ങിനെ  എല്ലാം കൊണ്ടും  അന്തസ്സുള്ള ,സുരക്ഷിതത്വമുള്ള  ഒരു  തറവാടുതന്നെയായിരുന്നു  നിലവിലെ ഉദയം. ഫജ്ർ  നമസ്കാരാനന്തരം  സജീവമാകുന്ന  നടുത്തളം. പള്ളിയിൽ നിന്നും  നേരെ  ആ പ്രധാന  പീഠത്തിൽ  അസീസ്ക്ക  ഉപവിഷ്ടനാകും. തൻറെ  വിജ്ഞാന  ഭാണ്ഡവും  തുറന്നു വെച്ച് . ആർക്കൊക്കെ  എന്തൊക്കെ  ആവശ്യമുണ്ടോ  അതെല്ലാം  നൽകാൻ  തയാറായി. അപ്പോഴേക്കും  റഫീഖിന്റെ  പാൽചായ  എത്തിയിരിക്കും.

ഓരോരുത്തരുടെ  ഡ്യൂട്ടി സമയത്തിനനുസരിച്ചു്  ഓരോരുത്തരായി  വന്നും പോയിക്കൊണ്ടുമിരിക്കും. രാവേറെ  ചെല്ലുമ്പോൾ  എല്ലാവരും  ഉറക്കത്തിൻറെ  ആലസ്യത്തിലേക്ക്  വഴുതി വീഴുമ്പോൾ  തറവാടിൻറെ പ്രധാന കവാടമായ  ഇരുമ്പ്  വാതിൽ  തുറക്കുന്ന  ശബ്ദം  കേട്ടാൽ  മനസ്സിലാക്കാം  അത്  മൊയ്‌തീൻ  മാസ്റ്റർ  ആയിരിക്കും.വയോധികനായ  മൊയ്‌തീൻ  മാസ്റ്റർ  ചെർപ്പുളശ്ശേരിക്കാരനായിട്ടും ,കരീം സാഹിബ്  മലപ്പുറത്തുകാരനായിട്ടും  നീണ്ട  വർഷങ്ങളായി  ഉദയത്തിൽ  അന്തേവാസികളായി തുടരുന്നത്  നന്മകൾ  മാത്രം  പ്രസരിക്കുന്ന  ഉദയത്തിൻറെ തണലിൽ കഴിയുന്നതിലുള്ള  ആത്മസംതൃപ്തിയാകാം . തപിക്കുന്ന എത്രയെത്ര  ഹൃദയങ്ങൾക്ക്  ആ  മജ്‌ലിസ്  സാന്ത്വനം നൽകി ,കണ്ണീരണിഞ്ഞ  എത്രയെത്ര  കണ്ണുകളെ  അതിന്  തുടക്കാൻ കഴിഞ്ഞു. ചോർന്നൊലിക്കുന്ന  എത്രയെത്ര  കൂരകൾക്ക്  അത്  വാസയോഗ്യമാകാന്‍ സഹായിച്ചു. രോഗത്താൽ  വേദനിക്കുന്ന , ദാരിദ്യത്താൽ  അവശതയനുഭവിക്കുന്ന , കടങ്ങൾ കൊണ്ട്  പൊറുതിമുട്ടുന്ന  അങ്ങനെ അങ്ങനെ ....എല്ലാം അല്ലാഹു  സ്വീകരിക്കുമാറാകട്ടെ.

ഒരുപാട് ഒരുപാട് ചരിത്രമുറങ്ങുന്ന  ജൈദയിലെ  ഉദയം  ആസ്ഥാനം  പറിച്ചു നടാൻ  പോകുന്നുവെന്നറിഞ്ഞപ്പോൾ  മനസ്സിൽ  തികട്ടിവന്ന  ഓർമ്മകളിൽ നിന്നും  ചിലത്  പങ്കുവെച്ചെന്ന് മാത്രം. ചേക്കേറാൻ  ഉദ്ദേശിക്കുന്ന  പുതിയ  ആസ്ഥാനത്ത്  കൂടുതൽ  പ്രവർത്തന  മണ്ഡലങ്ങൾ  തീർക്കാനും  വൈജ്ഞാനിക  സദസ്സുകൾ  കൂടുതൽ  ഊർജസ്വലവും കരുത്തും  പകരുന്നതും ആകട്ടെ  എന്ന്  ആശംസിക്കുകയാണ്.

അബ്ദുൽഖാദർ പുതിയവീട്ടിൽ
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com