International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

History

വാകധോരണി .പുതിയ വീട്ടില്‍.
പ്രിയമുള്ള  ഇന്റര്‍നാഷണല്‍ ഉദയം പഠനവേദി സഹോദരങ്ങളെ ക്ഷേമം നേരുന്നു.

ഉദയം പഠന വേദിയുടെ നൂതന സംരംഭമായ വാക്ധോരണി - അതിന്റെ മൂന്നാം ദിവസത്തെ ഉപസംഹാരം എന്ന ബാധ്യത നിർവ്വഹിക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത്.ഒപ്പം അല്‍‌പം ഉദയം ചരിത്രവും.

അബ്‌ദുല്‍ഖാദര്‍ പുതിയ വീട്ടില്‍ .പുവത്തൂര്‍ കസ്‌വ ഹാളിനടുത്ത് താമസിക്കുന്നു.കുറച്ച് കാലം സൗദിയിലായിരുന്നു ഇപ്പോള്‍ ഒമ്പതു വര്‍ഷത്തോളമായി ഖത്തറില്‍ ഇസ്ലാമിക് എക്സ്ചേഞ്ചില്‍ ഫോറിന്‍ കറന്‍സി എക്സ്ചേഞ്ചല്‍ ആയി ജോലി ചെയ്യുന്നു.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഉദയത്തിന്റെ രൂപീകരണ നാള്‍ മുതല്‍ തന്നെ ഉദയവുമായി ചേരുവാനും പ്രവര്‍ത്തിക്കുവാനും അവസരം ലഭിച്ചു.ഏതൊരു ലക്ഷ്യത്തിനും ഉദ്ധേശങ്ങള്‍ക്കും വേണ്ടിയാണോ ഉദയം രൂപീകരിച്ചത്,പൂര്‍ണ്ണാര്‍ഥത്തിലല്ലെങ്കിലും ഭാഗികമായെങ്കിലും അതിന്റെ സ്വാധീനം മേഖലയില്‍ ദൃശ്യമാണ്.എന്റെ അറിവില്‍ മുല്ലശ്ശേരി ബ്ലോക്ക് മേഖലയില്‍ വിപുലമായ രീതിയില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് പൊതുജനങ്ങള്‍ക്കായി നടത്തിയത് ഉദയം പഠന വേദിയായിരുന്നു.ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ കണ്ണോത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ വെച്ചായിരുന്നു അത്.അഞ്ച് പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള റേഷന്‍ സംവിധാനം ആദ്യമായി പരിചയപ്പെടുത്തിയതും ഉദയം തന്നെയായിരുന്നു.വിദ്യാഭ്യാസ-തൊഴില്‍ സഹായങ്ങള്‍,ചികിത്സാ സഹായങ്ങള്‍,തുടങ്ങി വിദേശത്ത് ജോലി തേടി പോകുന്നവര്‍ക്ക് വരെയുള്ള സഹായങ്ങള്‍ അതിന്റെ ഡയറിയില്‍ രേഖപ്പെട്ടു കിടക്കുന്നു. ഉദയത്തിന്റെ എടുത്തുപറയേണ്ട അതിന്റെ തിലകക്കുറിയാണ് ജാതി-മത ഭേദമന്യേ ബഹുജനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന "പലിശരഹിത വായ്പാ നിധി.
ഉദയം സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകള്‍,സിമ്പോസിയങ്ങള്‍ ,ബോധവല്‍ക്കരണ പരിപാടികള്‍,വെക്കേഷന്‍ ക്യാമ്പുകള്‍,സമൂഹ നോമ്പ് തുറ,ഈദ് ഗാഹുകള്‍ എല്ലാം തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന മത-സാംസ്കാരിക -രാഷ്ട്രീയ -വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളില്‍ പ്രശോഭിതരായിട്ടുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായിരുന്നു.

ഇന്ന് നമ്മുടെ പ്രദേശ മഹല്ലുകളിലെല്ലാം സക്കാത്ത് കമ്മറ്റികളും റിലീഫ് വിങ്ങുകളുമെല്ലാം ഗ്രൂപ്പ് തിരിഞ്ഞും അല്ലാതെയും വാശിയോടെ നടന്നുകൊണ്ടിരിക്കുന്നു.പരിശുദ്ധമായ ഒരു പ്രവാചക സുന്നത്ത് പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഉദയം തുടങ്ങിവെച്ച ഈദ് ഗാഹ് സംവിധാനം ഇന്ന് മേഖലയിൽ അര ഡസനോളം ആയിക്കഴിഞ്ഞു.പറഞ്ഞുവരുന്നത്,പ്രദേശത്ത് ഇന്ന് കാണുന്ന ഇസ്ലാമിക നവജാഗരണ പ്രബോധന പ്രവർത്തനങ്ങളുടെയെല്ലാം പിന്നില്‍ ഉദയത്തിന്റെ ചെറുതല്ലാത്ത സ്വാധീനം കാണാന്‍ കഴിയും.

ഇന്ന് ആദ്യമായി വാക്ധോരണിയില്‍ വിഷയം അവതരിപ്പിച്ച റബീഹ് ഇബ്രാഹിം കുട്ടി,ഉദയം വാക്ധോരണിയുടെ തലക്കെട്ടായ "എന്റെ ഉദയം" എന്ന വിഷയത്തില്‍ ഊന്നി നിന്നുകൊണ്ടുതന്നെ തന്റെ ഉദയപ്രതീക്ഷകള്‍ അനുവാചകരുമായി പങ്കുവെച്ചു.ഓരോ പുലരിയും ഉദയം കൊള്ളുന്നത് മനുഷ്യ മനസ്സില്‍ ഒരായിരം പ്രതീക്ഷകളുടെയും ആകാംക്ഷകളുടെയും വർണ്ണങ്ങള്‍ വാരിവിതറിക്കൊണ്ടാണ്.ദിനാന്ത്യം വരെ മനുഷ്യനെ കര്‍മ്മനിരതനാക്കുന്നത് ഈ ശുഭ പ്രതീക്ഷ തന്നെയാണ്.ശോഭനമായ,നാഥന്റെ വിധിവിലക്കുകള്‍ക്കനുസൃതമായുള്ള ഒരു ദാമ്പത്യജീവിതത്തിന്നും ,അതിലൂടെ ആരോഗ്യകരമായു ഒരു സമൂഹ സൃഷ്ടിപ്പിനുള്ള അസ്ഥിവാരമിടാനും അടുത്ത ദിവസം വിവാഹിതനാകാന്‍ തയാറെടുക്കുന്ന അദ്ദേഹത്തിന്റെ വൈവാഹിക ജീവിതത്തിലൂടെ സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ്.തുടര്‍ന്ന് വാക്ധോരണിയിലൂടെ ആശയങ്ങള്‍ പങ്ക് വെച്ച അഫീഷ് അബ്ദുല്ലമോന്‍,കെ കെ ഹുസൈന്‍ സാഹിബ്,പിന്നെ എന്റെ ബാല്യകാല സുഹൃത്തായ ഇഖ്‌ബാല്‍ അബ്ദുല്ല എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു.

ഉദയം കൊളുത്തിവെച്ച ഈ കൈത്തിരി ഏറ്റെടുത്ത് കെടാതെ സൂക്ഷിച്ച് ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ കെല്‍പ്പും കരുത്തുമുള്ള ഒരു യുവ സമൂഹം ഉണര്‍ന്നെണീറ്റു കഴിഞ്ഞു എന്ന് ഇതിന്റെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് സമാശ്വസിക്കാം.അതാണ്,ഉദയം ഇന്റര്‍ നാഷണിലേയ്‌ക്ക്‌ പ്രവഹിച്ചു കൊണ്ടിരിക്കുന്ന മെസ്സേജുകളും കുറിപ്പുകളും നമ്മെ ബോധ്യപ്പെടുത്തുന്നത്.

ഉദയം നടന്നു നീങ്ങിയ കാല്‍ നൂറ്റാണ്ടോളം വരുന്ന നാള്‍ വഴികളില്‍ അതിന്റെ സഹകാരികളും സഹചാരികളുമായിരുന്ന നിരവധി പേര്‍ ഭൂമിയില്‍ അവരുടെ ദൗത്യം പൂര്‍ത്തീകരിച്ചു അല്ലാഹുവിങ്കലേക്ക് യാത്ര തിരിച്ചവരുണ്ട്.ജാഫര്‍ തങ്ങള്‍ പാടൂര്‍,ജമാല്‍ സഹിബ്‌ കാശ്‌മി റോഡ്,ആര്‍. വി മുസ്‌ഥഫ സാഹിബ്‌ പുതുമനശ്ശേരി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.എല്ലാവര്‍ക്കും അല്ലാഹു തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.ഒട്ടനവധി പേര്‍ രോഗശയ്യയിലും മറ്റും യാതന അനുഭവിക്കുന്നവരായുണ്ട്.ഖാലിദ്‌ സാഹിബ്‌ പുതുമനശ്ശേരി ഇത്തരുണത്തില്‍ സ്മരണീയനാണ്.എല്ലാവര്‍ക്കും അല്ലാഹു ആയുരാരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് പ്രധാനം ചെയ്യട്ടെ.ആമീന്‍.

സമയം പെട്ടെന്ന് സഞ്ചരിക്കുന്നു.ദുഖമുള്ളപ്പോള്‍ മേഘത്തെപ്പോലെയും സന്തോഷമുള്ളപ്പോള്‍ കാറ്റുവീശും പോലെയുമാണ്‌ സമയത്തിന്റെ സഞ്ചാരമെന്നു പറയാറുണ്ട്.സമയം തന്നെയാണ് ജീവിതം.അതിനാല്‍ മരണത്തിനു മുമ്പ് ഓരോ നിമിഷവും അമൂല്യമാണെന്നു തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുക.ഏതു പ്രായത്തിലായാലും സമ്പന്നതയോ ദാരിദ്ര്യമോ ആയാലും,ജോലിത്തിരക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും,ആയുസ്സ് നല്ല കാര്യങ്ങൾക്ക് വേണ്ടിയാണ് വിനിയോഗിക്കേണ്ടത്. സത്യവിശ്വാസിക്ക് "കൊല്ലാന്‍ " സമയമില്ല.കാരണം,സമയം മനുഷ്യനെ കൊന്നുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.ആയുസ്സ് പരിമിതമാണ്.ബാധ്യതകളോ കണക്കില്ലാത്തത്രയും.അപ്പോള്‍ പിന്നെ എങ്ങിനെയാണ് സമയം പാഴാക്കാന്‍ കഴിയുക?

ഇമാം ഹസനുല്‍ ബസരി പറഞ്ഞു:"ഓരോ ദിവസവും ഉദിക്കുന്നത് ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടാണ്,മനുഷ്യാ ഞാനൊരു പുതിയ സൃഷ്ടി.നിന്റെ കര്‍മ്മത്തിന്റെ സാക്ഷി.അതിനാല്‍ എന്നെ പ്രയോജനപ്പെടുത്തുക.ഞാന്‍ പോയാല്‍ പിന്നെ തിരിച്ചുവരില്ല". അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

ആശംസകളോടെ,
അബ്‌ദുല്‍ഖാദര്‍ പുതിയവീട്ടില്‍.
05/12/ 2015

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com